ഇത് വെള്ളപ്പാണ്ടാണോ ഡോക്ടര്.. ക്ലിനിക്കില് ചികിത്സ തേടിവന്ന ഒരു രോഗി ഉദ്വേഗത്തോടെ ചോദിച്ചു. പരിചയക്കാരണ് കക്ഷി. കല്യാണം കഴിഞ്ഞിട്ടുമില്ല പുറത്തും കഴുത്തിലുമാകെ വിളറിയ പാണ്ടുകള് സുഹൃത്തുക്കളാരോ ഇതു വെള്ളപ്പാണ്ടു രോഗമാണ് എന്ന് പറഞ്ഞുവത്രെ. ആതിന്റെ ടെന്ഷനിലാണ് കക്ഷി…സ്കിന് സൂക്ഷ്മമായി എക്സാമിന് ചെയ്തു അപ്പോള് മനസ്സിലായി ഇതു വെള്ളപ്പാണ്ടല്ല…
സാധാരണ വെള്ളപ്പാണ്ട് രോഗം ധാരാളം കൈകാര്യം ചെയ്യാറുള്ളതാണ്. ആയുര്വേദത്തില് അതിനു നല്ല ചികിത്സയുമുണ്ട്. അതില് കാണുന്ന ലക്ഷണങ്ങളായ രോമം നരയ്ക്കല് വ്യക്തമായ പാട്, കുടുംബ പാരമ്പര്യം ഇവ ഒന്നും ടിയാനില്ല. അടുത്തതായി സംശയിക്കാനുള്ളത് ചുണങ്ങിനെയാണ്. ലോകത്തില് ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന ത്വഗ്രോഗമാണിത്. ജനസംഖ്യയില് 8-10% ആളുകള്ക്ക് ഈ രോഗം കാണപ്പെടുന്നു. ഇതിനെക്കുറിച്ച് കുറച്ചു പറയാം
പൂപ്പല് വര്ഗത്തിലുള്ള മാലസീസിയ ഗ്ലോബോസ, മാലസീസിയ ഫര്ഫര് എന്നീ അണുക്കള് മൂലമുണ്ടാകുന്ന ചര്മ്മരോഗമാണ് ചുണങ്ങ് അഥവാ തേമല്. തൊലിയില് വെളുത്ത, അല്ലെങ്കില് ഇരുണ്ട പാടുകളായി കാണപ്പെടുന്നു. വരട്ടുചുണങ്ങ് (വിളറിയത്), കരിം ചുണങ്ങ് (ഇരുണ്ടത്)എന്ന രണ്ടു രീതിയില് ചുണങ്ങു കാണുന്നു. ചുണങ്ങ് കാഴ്ചയിലേ അറപ്പുളവാക്കുന്നതാണ്. ലക്ഷണം പറയുകയാണെങ്കില് വിളറിയ അല്ലെങ്കില് മങ്ങിയ പാടുകള്, അതിയായ ചൊറിച്ചില് മുതലായവയാണ്. ചൊറിച്ചില് വിയര്ത്താല് അധീകമാവുന്നു. ചെറിയതോതില് തുടങ്ങി, യഥാസമയം ചികിത്സിച്ചില്ലെങ്കില് ശരീരമാസകലം പടരുകയും ചെയ്യും
.
ഈ അസുഖം ഉള്ള ആളുകളുടെ ശരീരവുമായി അടുത്ത സമ്പര്ക്കം കൊണ്ടോ അവരുടെ വസ്ത്രം, തുവര്ത്ത് എന്നിവ ഉപയോഗിച്ചാലോ ഈ രോഗം പകരാനിടയുണ്ട്.മുതിര്ന്നവരില് നിന്ന് കുട്ടികള്ക്ക് ഈ രീതിയിയില് ഈ അസുഖം എളുപ്പം പകരുന്നതായി കാണുന്നു. ചൂടും, ആവിയും ഉള്ള സാഹചര്യങ്ങളില് – പ്രത്യേകിച്ച് കേരളത്തിലെ കാലാവസ്ഥയില് ഈ രോഗം പെട്ടെന്ന് പകരുന്നു.
ആയുര്വേദ ഗ്രന്ഥങ്ങളില് ചുണങ്ങ് ദദ്രു എന്ന സംസ്കൃതനാമത്തിലാണ് അറിയപ്പെടുന്നത് കറുകപ്പുല്ലു നിലത്തു പടരുന്നതുപോലെ ശരീരമാസകലം ഇത് പടരുന്നു എന്നാണ് ഗ്രന്ഥങ്ങളില് പറഞ്ഞിരിക്കന്നത്.
സാധാരണ വെയില് കൊള്ളുന്ന ശരീരഭാഗങ്ങളില് ഇത് കാണാറില്ല. എന്നാല് ചിലര്ക്ക് ഇതും ബാധകമല്ല. ശരീരമാസകലം പടരുന്നതായി കാണാറുണ്ട്. പക്ഷേ ആശ്ചര്യകരമായ വസ്തുത, ചിലര്ക്ക് രോഗബാധിതരുമായി എത്രകാലം അടുത്തിടപഴകിയാലും ഈ രോഗം വരുന്നില്ല എന്നതാണ്. അതിനാല് തന്നെ ഈ രോഗം വരാനുള്ള യഥാര്ത്ഥ കാരണം കണെത്താന് മെഡിക്കല് സയന്സിന്നു ഇതുവരെ കഴിഞ്ഞിട്ടുമില്ല!!
എളുപ്പത്തില് നിര്ണ്ണയം നടത്തുവാന് കഴിയുന്ന രോഗമാണ് ചുണങ്ങ്. എന്നിരുന്നാലും മറ്റുു ചില രോഗങ്ങളിലും ഏറെക്കുറെ സമാന ലക്ഷണങ്ങള് കാണ്ടുവരുന്നുണ്ട്. മാരകമായ കുഷ്ഠരോഗം (Leprosy) ലൈംഗികരോഗമായ സിഫിലിസ്, വെള്ള പ്പാണ്ടുരോഗം, ചില അലര്ജിത്വക് രോഗം മുതലായവ ചുണങ്ങുപോലെ കാണാറുണ്ട്.(ചിത്രം 2 നോക്കുക) മരുന്നു ഉപയോഗിക്കുന്നതുമുന്പ് ഡോക്ടറെ കണ്ട് രോഗം ചുണങ്ങുതന്നെയെന്ന് ഉറപ്പിക്കണം ലഘുവായ ചില ലാബ് പരിശോധനയിലൂടെ സംശയമുള്ള കേസുകളില് രോഗനിര്ണ്ണയം നടത്താവുന്നതാണ്.
ഏറെക്കുറെ ചുണങ്ങിനോട് സാമ്യമുള്ളതും കുട്ടികള്ക്കു മാത്രം വരുന്നതുമായ Pitiriais alba എന്ന രോഗം കണ്ടു വരാറുണ്ട്. മുഖത്തായിരിക്കും പലപ്പോഴും ഇത് കാണുക. പ്രത്യേക ചികിത്സ വേണ്ടാത്ത ഒരു നിസ്സാര രോഗമാണിത്. (ചിത്രം 3 കാണുക)
ചികിത്സ – സാധാരണ സള്ഫര്, ബോറാക്സ്, വേപ്പെണ്ണ ഇവ അടങ്ങിയിരക്കന്ന ലേപനങ്ങള് ഉപയോഗിക്കലാണ്. പ്രധാന ചികിത്സ. കടുപ്പം കൂടിയ അവസ്ഥയില് ഉള്ളിലേക്ക് ചില രക്തശുദ്ധികരങ്ങളായ മരുന്നുകള് കൂടി വേണ്ടി വരുന്നു. ലേപനങ്ങളോട് ചിലര്ക്ക് അലര്ജി ഉണ്ടാകാന് സാദ്ധ്യതയുണ്ട് ആയതിനാല് വൈദ്യ നിര്ദ്ദേശ പ്രകാരം മരുന്നുകള് ഉപയോഗിക്കണ്ടതാണ്. ചുണങ്ങിന് മരുന്നു തേച്ച് ചുരുങ്ങിയത് 1 മണിക്കൂറെങ്കിലും ശരീരത്തില് നിലനിര്ത്തണ്ടതാണ്. മരുന്നു തേച്ച് കുറച്ചു സമയം വെയില് കൊള്ളുന്നത് രോഗം വേഗത്തില് ശമിക്കുന്നതിനു സഹായകമാണ്. ശേഷം കുളിക്കുമ്പോള് ചകിരികൊണ്ടോ മറ്റോ ഉരച്ചു കഴുകി കുളിക്കണം. തൊലിപ്പുറമെ മാത്രം ബാധിക്കുന്ന രോഗമായതിനാല് ഉരച്ചു കഴുകിയാല് രോഗം പെട്ടന്നു മാറുന്നു.
2-3 ആഴ്ച മരുന്നു ചെയ്യുമ്പോള് രോഗം സാധാരണ മാറുന്നു. പിന്നീട് ഇതു വരാതിരിക്കാന് ശ്രദ്ധിക്കണ്ടതാണ്. (രോഗം ഒരിക്കല് ബാധിച്ചാല് പീന്നീട് വീണ്ടും വരുവാന് വളരെയധികം സാധ്യതയുണ്ട്) ടാല്കം പൌഡര് സ്ഥിരമായുപയോഗിച്ചാല് പുനര് രോഗബാധ കുറയുന്നതായി കാണുന്നുണ്ട്.
മേല്പറഞ്ഞ കാര്യങ്ങള് വിശദമായി പറഞ്ഞുകൊടുത്തു രോഗം വെള്ളപ്പാണ്ടല്ല സാധാരണ കാണാറുള്ള ചുണങ്ങാണ് എന്ന് കക്ഷിയെ പറഞ്ഞു ധരിപ്പിച്ചു ലഘുവായ ചില ആയുര്വേദ ലേപനൌഷനങ്ങള് കൊടുത്തു ടീയാളെ യാത്രയാക്കി. ഭയപ്പെടാനൊന്നുമില്ല എന്ന ഡോക്ടറുടെ വാക്കുകള് രോഗിയുടെ മനസ്സിലെ അമൃതമഴയാണ്. രോഗചികിത്സയുടെ ആദ്യപടിയുമാണിത്..ഈ പടി കടക്കാതെ ചികിത്സ ഒരിക്കലും പൂര്ണ്ണമാവുകയില്ല…
