www.poomanamclinic.com

പുരുഷവന്ധ്യത – കാരണങ്ങളും പരിഹാരവും

ഉച്ചക്ക് രോഗികളെ നോക്കിക്കൊണ്ടിരിക്കുന്ന സമയം.. പുറത്തുനിന്ന് ഒരു വാക്കുതര്‍ക്കം കേള്‍ക്കുന്നു.. എനിക്ക് ഡോക്ടറെ ഒന്നു കണ്ടാല്‍ മതി.. എന്നൊരാള്‍. അടുത്ത ഊഴം ടോക്കണുമായി നില്‍ക്കുന്നയാള്‍ അമ്പിനും വില്ലിനുമടുക്കുന്നില്ല.. ഇവരുടെ വാഗ്വാദങ്ങളെല്ലാം അകത്തു കേള്‍ക്കുന്നുമുണ്ട്.. വിവരം എന്താണെന്നറിയാന്‍ ഇന്റര്‍കോം വഴി ഫാര്‍മസിസ്റ്റിനോടു ചോദിച്ചു… ഡോക്ടറുടെ പഴയ ഒരു രോഗിയാണ്.. അകത്തു കയറ്റിവിടണമെന്നു പറയുന്നു.. ചികിത്സക്കല്ലെന്നു തോന്നുന്നു..അവള്‍ പറഞ്ഞു.. കയറിവരുവാന്‍ നിര്‍ദ്ദേശിച്ചു ആകാംക്ഷയോടെ ഇരുന്നു.. അപ്പോഴാകട്ടെ ഒന്നിനു പകരം രണ്ടു പേര്‍.. ചെറുപ്പക്കാരനായ ഒരാളും ഭാര്യയും.. അവളാകട്ടെ ഗര്‍ഭിണിയുമാണ്… നിങ്ങള്‍.. ?? പെട്ടന്ന് ആളെ മനസ്സിലാകാതിരുന്നതുകൊണ്ട് ചോദിച്ചു.. ഡോക്ടര്‍ക്ക് ഞങ്ങളെ മനസ്സിലായില്ലേ.. ഞാന്‍ പ്രശാന്ത്..പണ്ട് കൌണ്ടു കുറയുന്ന രോഗത്തിന് ചികിത്സ ചെയ്ത ആള്‍.. പെട്ടന്ന് തന്നെ ആളെ പിടികിട്ടി.. മുണ്ടിനീര് വന്നു അസോസ്പെര്‍മിയ എന്ന രോഗം ബാധിച്ചതിനു മാസങ്ങള്‍ക്കു മുന്‍പ് ടിയാള്‍ ഇവിടെനിന്നു ചികിത്സ നേടിയിരുന്നു.. പിന്നീട് കുറെനാളായി ഇവരെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു…എന്തൊക്കെയുണ്ട് പ്രശാന്ത് വിശേഷങ്ങള്‍..ഞാന്‍ ചോദിച്ചു… ഇതുതന്നെ ഏറ്റവും വലിയ വിശേഷം ഡോക്ടര്‍.. നിറഞ്ഞ പുഞ്ചിരിയും നിറവയറുമായി നില്‍ക്കുന്ന ഭാര്യയെ അടുത്തേക്കു ചേര്‍ത്തു നിര്‍ത്തി പ്രശാന്ത് പറഞ്ഞു… മുണ്ടയാംപറമ്പ് അമ്പലത്തില്‍ പോയി ദേവിയെയും വരുന്ന വഴി ഡോക്ടറെയും കണ്ടു മടങ്ങാം എന്നു വിചാരിച്ചു… നേരി‍ല്‍ കണ്ടു തന്നെ ഈ വിവരം പറയാമെന്നു വിചാരിച്ചാണ് ഇത്രയും വൈകിയത്.. പ്രശാന്ത് പറഞ്ഞു…

സാധാരണ ശുക്ലാണു കൌണ്ട് പൂര്‍ണ്ണമായും ഇല്ലാതാകുന്ന അസോസ്പെര്‍മിയ എന്ന അവസ്ഥയില്‍ വീണ്ടും ബീജോല്‍പാദനം വളരെ വിഷമം പിടിച്ചതാണ്.. ഇക്കാര്യം അവരെ പറഞ്ഞു ബോധിപ്പിക്കുകയും ചെയ്താണ് ചികിത്സ തുടങ്ങിയത്.. ചികിത്സയുടെ ഗുണമല്ല.. ഇവരെ ചികിത്സിച്ച സമയം മനസ്സില്‍ പ്രാര്‍ത്ഥിച്ച സർവ്വശ്വരൻ സഹായിച്ചതാകനാണ് കൂടുതല്‍ സാധ്യത എന്നു ഞാനുറച്ചു വിശ്വസിക്കുന്നു. അവര്‍ അവരുടെ കര്‍മ്മം എന്നെ ആയുധമാക്കി നന്നായി ചെയ്തു എന്ന് മാത്രം .

ബീജോൽപാദനം കുറയൽ, കാരണങ്ങൾ

ഇനി സ്പേം കൌണ്ടു (ശുക്ലാണു) കുറയുന്ന രോഗാവസ്ഥകളെക്കുറിച്ചു കുറച്ചു പറയാം.. പലകാരണങ്ങളും ഇതിനു പുറകിലുണ്ട്.. പുതുതലമുറയില്‍ വളരെയധികമായി കണ്ടു വരുന്ന ഒരവസ്ഥയാണിത്. ആദ്യമായി പറയുകയാണെങ്കില്‍ പുതുതലമുറയുടെ മോഡേണ്‍ ജീവിതചര്യകളാണ് ഈ രോഗത്തില്‍ വില്ലന്‍.. ഫാസ്റ്റ് ഫുഡ് സംസ്കാരം.. വറുത്തതും പൊരിച്ചതും അമിതമായി കഴിക്കുന്നവര്‍ക്കും ആന്റിബയോട്ടിക്കുകളും ഹോര്‍മോണുകളും കൊടുത്തു വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കന്‍ കഴിച്ചു ശീലമായവര്‍ക്കുമാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെുടുന്നത്..

ശരീരത്തിന്റെ സ്വാഭാവിക താപം കൂടിയാല്‍ വൃഷണങ്ങളില്‍ നടക്കുന്ന ശുക്ലാണുവിന്റെ നിര്‍മ്മിതി മന്ദഗതിയിലാകും.. ശരീരത്തിന്റെ സ്വാഭാവിക താപം പോലും ഇതിന്റെ പ്രവര്‍ത്തനത്തിന് തടസ്സമായതിനാലാണ് ജീവികളുടെ വൃഷണങ്ങള്‍ പ്രകൃതി (മനുഷ്യന്റേതടക്കം) ശരീരത്തിനു വെളിയില്‍ ഫിറ്റ് ചെയ്തിരിക്കുന്നതുതന്നെ..

ടൈറ്റ്ഫിറ്റായ അണ്ടര്‍ വേയറുകളും കട്ടിയുള്ള, കാറ്റും വെളിച്ചവും തീരെ കടക്കാത്ത തരം ജീന്‍സും അധികസമയം ധരിക്കുക മൂലം വൃഷണത്തിലെ താപനില വളരെയധികം ഉയരുകയും തല്‍ഫലമായി ബീജോല്‍പാദനം മന്ദഗതിയിലാവുകയോ നിലക്കുകയോ ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. തണുപ്പേറിയ കാലാവസ്ഥ എല്ലാസമയവും ഉള്ള അമേരിക്ക- യുറോപ്പ് മുതലായ സ്ഥലങ്ങളിലുള്ള ജനങ്ങള്‍ ഇടുന്ന വസ്ത്രങ്ങ!ളില്‍ അന്ധമായി ഭ്രമിച്ച് ചൂടുകൂടിയ കാലാവസ്ഥയിലുള്ള നാമും അതേപോലെ ചെയ്താല്‍ പണികിട്ടുമെന്നുറപ്പ്.. അതുകൊണ്ടുതന്നെ ജീന്‍സുപോലുള്ള വസത്രങ്ങളോടു ബൈ ബൈ പറയുക ലുസ് ഫിറ്റായ ഇന്നര്‍ വേയറുകള്‍ ഉപയോഗിക്കുക.. നമ്മുടെ ദേശീയവസ്ത്രമായ മുണ്ടും അയഞ്ഞ അടിവസ്ത്രങ്ങളും മറ്റും ഇടുന്നതാണ് കൂടുതല്‍ അനുയോജ്യം..

ശക്തിയേറിയ റേഡിയേഷന്‍ പ്രസരിപ്പിക്കുന്ന മൊബൈല്‍ പോലുള്ള ഉപകരണങ്ങള്‍, തുടര്‍ച്ചയായി ചെയ്യുന്ന എക്സ്റേ, സി റ്റി സ്കാന്‍ മുതലായവയും അപകടകാരികള്‍ തന്നെ. പാന്റ്സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഒരു കാരണവശാലും ഇടരുത്. ചൂടുള്ള അന്തരീക്ഷത്തിലുള്ള ജോലികള്‍, തുടര്‍ച്ചയായുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, എരു പുളി ഭക്ഷണം, പപ്പടം അമിതമായി കഴിക്കുക (കാരത്തിന്റെ സാന്നിദ്ധ്യമാണ് ഇവിടെ വില്ലന്‍) ഇവയും ശുക്ലനാശ കാരണങ്ങള്‍ തന്നെ…

പ്രായപൂര്‍ത്തിയായതിനു ശേഷം പിടിപെടുന്ന മുണ്ടിനീര് രോഗം ഒരു പ്രധാന വില്ലനാണ്.. ഇതു ബാധിച്ചാല്‍ മിക്കവാറും ശുക്ലാണു പൂര്‍ണ്ണമായി നശിച്ചു പോകുന്നതാണ്.. മുകളിലഴുതിയ രോഗിക്കും ഇതായിരുന്നു പ്രശ്നം…അതുകൊണ്ടുതന്നെ ചെറുപ്പകാലങ്ങളില്‍ ഈ അസുഖം വന്നുപോകന്നതാണ് നല്ലത്..ഒരിക്കല്‍ വന്നാല്‍ ആജീവനാന്ത പ്രതിരോധശേഷി കൈവരുന്നതുകൊണ്ട് കുഞ്ഞുനാളുകളില്‍ വരുന്നതു നല്ലതാണുതാനും..

വൃഷണത്തിനു ചുറ്റുമുള്ള പാംപിനിഫോം പ്ലക്സ് എന്നറിയപ്പെടുന്ന സിരകളില്‍ വേരിക്കോസ് വെയിന്‍ രോഗം വന്നാലും ശുക്ലാണു ഉല്പാദനം കുറയാറുണ്ട്. സാധാരണ, സര്‍ജറികൊണ്ടു സുഖപ്പെടുന്ന ഈ രോഗത്തിനു ആയുര്‍വേദത്തില്‍ സര്‍ജറിയില്ലാതെ തന്നെ ഫലപ്രദമായ ചികിത്സയുണ്ട്.

ശുക്ലാണുക്കളുടെ എണ്ണത്തെക്കുറിക്കുന്ന സൂചകമാണ് സ്പേം കൌണ്ട്. ഇതല്ലാതെ ശുക്ലാണുക്കളുടെ ചലനശേഷി (മോട്ടിലിറ്റി), ശുക്ലാണു വൈകല്യം, ( അബ്നോര്‍മല്‍ സ്പേം) ഇവയും പ്രധാന സൂചകങ്ങളാണ്..കൌണ്ട് നിശ്ചിത അളവിലും കുറഞ്ഞാലും ചലനശേഷി കുറഞ്ഞാലും കുട്ടികളുണ്ടാവാനുള്ള സാധ്യത കുറയുന്നു..വൈകല്യമുള്ള സ്പേം ജനിതക വ്യതിയാനം വന്നവയാണ്.. ഇതില്‍ നിന്നും ബീജസങ്കലനം നടന്നാല്‍ വൈകല്യമുള്ള കുട്ടികളുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്.

ചികിത്സ

കാരണം എന്തുമാവട്ടെ അതിനെ വര്‍ജ്ജിക്കലാണ് ചികിത്സയുടെ ആദ്യഘട്ടം.. ശുക്ലവര്‍ദ്ധനവിനായുള്ള മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ കഴിക്കുക.. ആയുര്‍വേദത്തില്‍ വളരെ ഫലപ്രദമായ ശുക്ലവര്‍ദ്ധക മരുന്നുകളുണ്ട്..ആയുര്‍വേദ മരുന്നുകള്‍കൊണ്ട് കൌണ്ടും മോട്ടിലിറ്റിയും പെട്ടന്നു തന്നെ കൂടുന്നതായി അനുഭവത്തില്‍ കാണുന്നു.വൃഷണത്തിലെ അമിത ചൂടു കുറക്കാനായി തണുത്ത വെള്ളത്തില്‍ കുറച്ചു സമയം ഇരിക്കുന്നത് വളരെ നല്ലതാണ്.

ആരെയാണ് കാണിക്കുന്നത് പ്രശാന്ത് ? ഞാന്‍ ചോദിച്ചു.. സാര്‍ ഇപ്പോള്‍ മട്ടന്നൂരുള്ള പ്രൈവറ്റ് ആശുപത്രിയിലാണ് കാണിക്കുന്നത്.. .ചിലവു താങ്ങാനാവുന്നില്ല.. ആയതിനാല്‍ തലശ്ലേരി ഗവ ആശുപത്രിയിലായിരിക്കും ഇനിയുള്ള പോക്ക്.. പ്രശാന്ത് പറഞ്ഞു. അതുതന്നെയാണ് നല്ലത് പ്രശാന്ത്…. സന്താഷത്തോടെ അവരെ യാത്രയാക്കി….

Back to list