www.poomanamclinic.com

നടുവേദന-കാരണങ്ങളും പരിഹാരവും

പ്രായഭേദമന്യേ ലോകത്തിൽ കോടിക്കണക്കിനാളുകൾക്കു  ബാധിക്കുന്ന ഒരുപക്ഷേ മനുഷ്യവർഗ്ഗത്തിൽ ഏറ്റവും അധികമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് നടുവേദന. ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന വരാത്തവർ വിരലിൽ എണ്ണാൻ പോലും ഉണ്ടാവില്ല. മാത്രല്ല നടുവേദന രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയും ചെയ്യുന്നു. എന്താണ് നടുവേദന ഇത്രയും സാധാരണമാകാൻ കാരണം എന്നു നോക്കാം. 

മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളും ആണ് നടുവേദന ഇത്രയും സാധാരണമാകാൻ കാരണം. പണ്ടുകാലത്ത് ആവശ്യത്തിനു ഭക്ഷണം കഴിച്ച് എല്ലുമുറിയെ പണിയെടുത്തിരുന്ന ആളുകളിൽ നടുവേദന വളരെ കുറവായിലുന്നു. ഇപ്പോഴോ അധ്വാനമില്ലാതെ സുഖസൌകര്യത്തിന് നടുവിൽ ജീവിക്കുന്നവർക്കാണ് നടുവേദന ഏറ്റവും അധികവും. ഇതിൽ തന്നെയുണ്ട് നടുവേദനയുടെ കാരണവും. അമിത ഭക്ഷണവും അധ്വാനം കുറവും കാരണം ശരീരഭാരം വളരെയധികം കൂടുന്നതാണ് നടുവേദനയുടെ ഒരു പ്രധാന കാരണം. കൂടാതെ അധ്വാനക്കുറവ് കാരണം നടുവിനെ താങ്ങിനിർത്തുന്ന മസ്സിൽസിനു ബലക്ഷയം വരുന്നത് മറ്റൊരു പ്രധാന കാരണവും. 

ഊര കുത്തിയുള്ള വീഴ്ച, വാഹന അപകടം, ഭാരം എടുക്കേണ്ടി വരിക, അമിതമായ ബൈക്ക് ഉപയോഗം-പ്രത്യേകിച്ച് ചെറുപ്പക്കാരിൽ, കൂടുതൽ സമയം ഒരേ അവസ്ഥയിൽ ഇരുന്നു ജോലി ചെയ്യേണ്ടി വരിക, എന്നിവ മൂലം നട്ടെല്ലിലെ മൃദുവായ ഭാഗമായ ഡിസ്ക് പുറത്തേക്കു തള്ളി തൊട്ടടുത്തു സ്ഥിതിചെയ്യുന്ന നാഡീ ഞരമ്പുകളിൽ മർദ്ദം ഏൽപ്പിക്കുന്നതാണ് ഏറ്റവും സാധാരണമായ നടുവേദനക്ക് പ്രധാന കാരണം. അമിത വണ്ണവും മസ്സിൽസ് ബലക്കുറവും ഈ അവസ്ഥക്ക് ആക്കം കൂട്ടുന്നു. ഇതിനെ മെഡിക്കൽ ഭാഷയിൽ IVDP- Inter vertebral Disc Prolapse) എന്നു വിളിക്കുന്നു. നടുവേദന രോഗികളിൽ മിക്കവാറും തൊണ്ണൂറു ശതമാനവും ഇത്തരം രോഗികളാണ്. ഡിസ്ക് തള്ളലിൻ്റെ തീവ്രത അനുസരിച്ച് രോഗികളിൽ ലക്ഷണങ്ങൾ വ്യത്യാസമാകുന്നു. ചിലർക്ക് നടുവേദന മാത്രമാണെങ്കിൽ ചിലർക്ക് കടുത്ത വേദനയും കാലുകളിലേക്ക് കടുത്ത കടച്ചിലും തരിപ്പും പ്രകടമാകുന്നു. ഇതിന സയാറ്റിക്ക എന്ന് പറയുന്നു. നടുവേദനയുടെ കൂടെ സയാറ്റിക്ക കൂടി ഉണ്ടെങ്കിൽ അസുഖം വളരെ അധികരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. 

പ്രായം കൂടുതലാകുന്നതിനനുസരിച്ച് വരുന്ന നടുവേദന നട്ടെല്ലു തേയ്മാനം ഡിസ്ക് തേയ്മാനം മുലായവ കാരണമാകാം ഉണ്ടാകുന്നത്. ഇത്തരക്കാർക്ക് പ്രത്യകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ ആകും നടുവേദന വരുന്നത്. വാതരോഗത്തിൻ്റെ ലക്ഷണമായും നടുവേദന വരാം. അപൂർവമായി നട്ടെല്ലിലെ കശേരുക്കൾ തെന്നി മാറുന്ന Lysthesis എന്ന അവസ്ഥ കൊണ്ടും നടുവേദന വരാം. ആർത്തവസംബന്ധമായ പ്രശ്നം ഉള്ള സ്ത്രീകളിൽ നടുവേദന ഒരു ലക്ഷണമായി കാണുന്നു. മൂത്രക്കല്ല് രോഗത്തിലും നടുവേദന ഒരു ലക്ഷണമായി വരാം. 

ഇനി ഇത്തരം പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന നടുവേദനകളെ എങ്ങിനെ തിരിച്ചറിയാം എന്നു നോക്കാം. പരിചയസമ്പന്നനായ ഒരു ഡോക്ടർക്ക് രോഗിയെ കണ്ട് കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കുമ്പോൾ തന്നെ രോഗകാരണം ഏകദേശം മനസ്സിലാകും. രോഗം ഇന്നതാണ് എന്ന് ഉറപ്പിക്കാനും രോഗിക്ക് ആശ്വാസം കിട്ടാനും ഡോക്ടർ ചിലപ്പോൾ എക്സ്റേ- പരിശോധന നിർദ്ദേശിക്കാറുണ്ട്. വാതരോഗികളിൽ രക്തപരിശോധനയിലൂടെയും രോഗകാരണം മനസ്സിലാകുന്നു. രോഗ തിവ്രത മനസ്സിലാക്കാനായി ആധുനിക പരിശോധനയായാ MRI-Scan പരിശോധനയും ചിലപ്പോൾ  ഡോക്ടർ നിർദ്ദേശിക്കുന്നു. 

ചികിത്സ

രോഗകാരണം വ്യക്തമായി മനസ്സിലാക്കി മാത്രമേ ചികിത്സിക്കാൻ പാടുള്ളൂ ചിലർ നടുവേദന വന്നപാടെ വ്യാജ ചികിത്സകരെ സമീപിച്ച് തിരുമ്മ് ഉഴിച്ചിൽ ചവിട്ടി തിരുമ്മ് ഇവ ചെയ്യിക്കും. ഇത്തരം അശാസ്ത്രീയ ചികിത്സ പലപ്പോഴും രോഗം വളരെയധികം വഷളാക്കാനും രോഗ തീവ്രത കൂട്ടി അവസാനം സർജറിയിലേക്ക് എത്തിക്കുകയും ചെയ്യുന്നതായാണ് അനുഭവം. രോഗം എന്തുതന്നെയാണെങ്കിലും അംഗീകൃത ഡോക്ടർമാരെ കാണിച്ച് രോഗം മനസ്സിലാക്കി ചികിത്സിക്കുന്നതാണ് ഉത്തമം. 

ഡിസ്ക് തകരാണ് ആണ് കാരണം എങ്കിൽ ഡിസ്ക് തള്ളൽ ചെറുതാണെങ്കിൽ മരുന്നുകളുടെ ഉപയോഗവും വ്യായാമവും വഴി കുറയ്ക്കാം. രോഗകാരണങ്ങളെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. കുറച്ചു തീവ്രത കൂടിയ നടുവേദന ഒരു പരിധിവരെ സ്പൈനൽ ഡീ-കംപ്രഷൻ ചികിത്സയിലൂടെ ശരിയാക്കി എടുക്കാം. കൂടാതെ അവസ്ഥക്കനുസരിച്ച് കിഴി, വസ്തി, കടീവസ്ഥി മുതലായ ആയുർവേദ ചികിത്സയിലൂടെ നടുവിൻ്റെ മസിൽസ്സിൻ്റെ ശക്തി വീണ്ടെടുക്കാം. വാതരോഗമോ, മറ്റുകാരണങ്ങൾ കൊണ്ടോ വന്ന നടുവേദന അതാത് രോഗചികിത്സയിലൂടെ മാറ്റിയെടുക്കാം. ചികിത്സക്കുശേഷം വ്യായാമം ഡോക്ടറുടെ നിർദ്ദേശാനുസരണം ദിവസവും ചെയ്യണം. നടുവേദനക്ക് വളരെ എളുപ്പം ചെയ്യാനാവുന്ന ഒരു വ്യായാമ മുറയുടെ വീഡിയോ താഴെ കൊടുത്തിരിക്കുന്നു. 

നടുവേദന ഉള്ളവർക്കു അതു മാറുവാനും വീണ്ടും ഈ രോഗം വരാതിരിക്കുവാനുമായി വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു വ്യായാമമാണ് ഇത്. വീഡിയോ ശ്രദ്ധിച്ചു കാണുക. അഞ്ചു തരം വ്യായാമമാണ് ഇതിലുള്ളത്. രാവിലെ എണീക്കുന്നതിനു മുൻപും വൈകിട്ട് ഉറങ്ങാൻ നേരത്തും കിടക്കയിൽ കിടന്ന് വ്യായാമം ചെയ്യാം. ഒരോന്നും തുടക്കത്തിൽ 5 തവണ വീതം ചെയ്യുക പിന്നീട് അവനവനു പറ്റുന്നതുപോലെ എണ്ണം കൂട്ടിക്കൂട്ടി 10 തവണ വരെയും ചെയ്യാം. നടുവേദനക്കു വളരെ ഗുണപ്രദമായ അഞ്ചു യോഗാസനങ്ങളുടെ സമന്വയം കൂടിയാണ് ഇത്. അതാനാൽ തന്നെ യോഗ ചെയ്യുന്ന ഗുണം കൂടി ഇത് ചെയ്താൽ കിട്ടുന്നു.  കുളി പല്ലുതേപ്പ് എന്നിവ പോലെ നിത്യവും ഈ വ്യായാമം ശീലമാക്കിയാൽ മിക്കമാവാറും നടുവേദനരോഗത്തിൽ നിന്ന് ശാശ്വത പരിഹാരം നേടാം. (ഡിസ്ക് രോഗങ്ങൾ ഉള്ളവർ ആയതിൻ്റെ ചികിത്സ കഴിഞ്ഞ ശേഷം മാത്രം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ വ്യായാമം ചെയ്തു തുടങ്ങുക)

വ്യായാമത്തിനു പുറമേ യോഗ, ശരീരഭാര ക്രമീകരണം, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ ഇവ ശീലിക്കുക. ലക്ഷണങ്ങൾ മാറുന്നതിനനുസരിച്ച് ഡോക്ടർ മരുന്നുകൾ കുറച്ചു കൊണ്ടുവന്ന് നിർത്തിത്തരും. വ്യായാമം നിർത്താതെ ശീലമാക്കുന്നത് വീണ്ടും രോഗം തിരിച്ചു വരാതിരിക്കാൻ സഹായിക്കും. ഭാരമുള്ള സാധനങ്ങൾ കഴിവതും ഒറ്റക്ക് എടുക്കരുത്. സ്പോഞ്ച് കിടക്ക ഒഴിവാക്കി ഉന്നക്കിടക്കയോ വിരി മാത്രമോ ഉപയോഗിക്കുന്നതാണ് നല്ലത്. കയർ കട്ടിൽ ഒഴിവാക്കണം. സ്പ്രിങ്ങ് ബെഡ് വലിയ കുഴപ്പമില്ല. ഒരേ അവസ്ഥയിൽ ദീർഘനേരം ഇരുന്നു ജോലി ചെയ്യാതിരിക്കുക.  ഇത്തരം കാര്യങ്ങൾ കൃത്യമായി പാലിക്കുന്നവർക്ക് നടുവേദന പിന്നീട് വലിയ കുഴപ്പമുണ്ടാക്കില്ല. 

Back to list